പത്തൊന്‍പതാം നൂറ്റാണ്ടിലെ കര്‍മ്മയോഗി ചാവറയച്ചനും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ പ്രാര്‍ഥനയില്‍ മുഴുകി ജീവിച്ച നിശ്ശബ്ദ സുകൃതിനി അല്‍ഫോന്‍സായ്ക്കും ശേഷം കേരള സഭയില്‍ ഒരു വിശുദ്ധന് കൂടി ഉണ്ടാകാന്‍ പോകുന്നു. 1966-67 കാലത്ത് ഏറെ കോളിളക്കമുണ്ടാക്കിയ മറിയക്കുട്ടി കൊലക്കേസില്‍ പ്രതിയായി ആദ്യം വധശിക്ഷക്ക് വിധിക്കപ്പെടുകയും, മതിയായ തെളിവില്ലെന്ന കാരണത്താല്‍ പിന്നീട് അപ്പീലില്‍ ശിക്ഷാവിമുക്തനാവുകയും ചെയ്ത ബെനഡിക്ട് ഓണംകുളം എന്ന പുരോഹിതനെ വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്താനുള്ള ആലോചനയുടെ കാര്യമാണ് ഞാന്‍ പറയുന്നത്. ഓരോ കാലത്തിനും ദേശത്തിനും അതര്‍ഹിക്കുന്ന വിശുദ്ധനെ/വിശുദ്ധയെ ലഭിക്കുന്നു എന്ന സാമാന്യ യുക്തിയുടെ നിയമം ഇവിടെ നടപ്പാകുന്നു. കേരളസഭയുടെ മാറിയ മുഖഛായയെയും പുത്തന്‍ വിശുദ്ധിസങ്കല്പങ്ങളെയും സത്യസന്ധമായി പ്രതിഫലിപ്പിക്കുന്നതാണ് ഈ നാമനിര്‍ദേശം എന്ന് ആരും സമ്മതിക്കും. എങ്കിലും ഈ കാനോനീകരണം(canonization) വഴി കേരളത്തിലെ കത്തോലിക്കാസഭ പാവപ്പെട്ട വിശ്വാസികളുടെമേല്‍ അവിശ്വസനീയമായ ഒരു തട്ടിപ്പ് അടിച്ചേല്‍പ്പിക്കാന്‍ കോപ്പുകൂട്ടുകയാണ് എന്നു പറയാതെ വയ്യ.
ഞാന്‍ പ്രൈമറിസ്കൂള്‍ കടക്കുന്ന കാലത്താണ് ഈ കേസ് കേരളത്തില്‍ കോളിളക്കമുണ്ടാക്കിയത്. ഇന്നത്തെ പത്തനം തിട്ട ജില്ലയിലെ റാന്നി അടുത്തുള്ള മാടത്തരുവി എന്ന സ്ഥലത്ത്, കുത്തേറ്റു മരിച്ച നിലയില്‍ മറിയക്കുട്ടി എന്ന സ്ത്രീയുടെ ജഡം കണ്ടുകിട്ടിയതിലാണ് കേസിന്റെ തുടക്കം. മുന്നുവട്ടം വിവാഹിതയായ ശേഷം വിധവയായിരുന്ന മറിയക്കുട്ടി എന്ന സ്ത്രീയുമായി ബെനഡിക്ട് അച്ചന് അനാശാസ്യ ബന്ധം ഉണ്ടായിരുന്നെന്നും അവര്‍ മരിക്കുമ്പോള്‍ രണ്ടു വയസ്സുണ്ടായിരുന്ന കുട്ടിയുടെ പിതാവ് അദ്ദേഹമാണെന്നും ആ ബന്ധം അസൌകര്യമായപ്പോള്‍ അച്ചന് അവരെ കൊന്നുവെന്നും ആയിരുന്നു കേസിന്റെ പോലീസ് ഭാഷ്യം. ആ ഭാഷ്യം ഏറെക്കുറെ അംഗീകരിച്ച കൊല്ലത്തെ സെഷന്‍സ് കോടതി ജഡ്ജി കുഞ്ഞിരാമന് വൈദ്യര് ബെനഡിക്ടച്ചനെ അഞ്ചു വര്‍ഷം കഠിനതടവിനും വധശിക്ഷക്കും വിധിച്ചു. കേരള ഹൈക്കോടതിയില്‍ പി.ടി. രാമന് നായര്‍, വി.പി. ഗോപാലന് നമ്പ്യാര്‍ എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ഈ കേസിന്റെ അപ്പീല്‍ കേട്ടത്. കേസിന്റെ അന്വേഷണത്തിലുണ്ടായ ചില അപാകതകള്‍ ശ്രദ്ധിച്ചിട്ടും സെഷന്‍സ് കോടതി പ്രതിക്ക് കഠിന ശിക്ഷ നല്‍കിയത് ഉത്തരവാദിത്വമുള്ള പുരോഹിതന് എന്ന നിലയില്‍ പ്രതിയില്‍ ആരോപിക്കപ്പെട്ട കുറ്റത്തിന്റെ അധികഗൌരവം പരിഗണിച്ചാണ്. സെഷന്‍സ് കോടതിയുടെ ഈ നിലപാട്, നിയമത്തിന്റെ മുന്പില് എല്ലാവരും തുല്യരാണെന്ന ന്യായം പറഞ്ഞു തള്ളിക്കളഞ്ഞ ഹൈക്കോടതി, മതിയായ തെളിവില്ലെന്ന കാരണത്താല്‍ പ്രതിയെ വെറുതെ വിട്ടു.
പ്രതിയുടെ നിരപാരാധിത്വം തെളിയിക്കപ്പെട്ടെന്ന ന്യായത്തിലായിരുന്നില്ല, ആരോപണം സംശയരഹിതമായി തെളിയിക്കപ്പെട്ടിട്ടില്ല എന്ന കാരണത്തിലായിരുന്നു ഹൈക്കോടതി ബെനടിക്ടിനെ വെറുതെ വിട്ടത്. എങ്കിലും അപ്പീലില്‍ നേടിയ ശിക്ഷാ വിമുക്തിക്കു പിന്പെന്നപോലെ അതിനു മുന്‍പും, ബെനഡിക്ട് കൊലപാതകം നടത്തിയിട്ടില്ല എന്നു പലരും വിശ്വസിച്ചിരുന്നു. ഏതു കേസും, "കട്ടവനെ കിട്ടാത്തപ്പോള്‍ കിട്ടിയവന് കള്ളന്" എന്ന ന്യായത്തില്‍ തെളിയിക്കാനുള്ള കേരളാ പോലീസിന്റെ പേരുകേട്ട മിടുക്കും, കേരളസമൂഹത്തിലെ കപടമായ മാന്യതകള്ക്കു താഴെ ഒളിഞ്ഞിരിക്കുന്ന സാമുദായിക സ്പര്‍ദ്ധയും ഈ കേസില്‍ ബെനടിക്ടിന് വിനയായിരിക്കാം. എന്നാല്‍ കൊലപാതകാരോപണത്തില്‍ ബെനഡിക്ട് നിരപാരാധിയാണെന്ന് കരുതിയവര്‍ പോലും ഭൂമിയ്ക്ക് ഉപ്പായിരുന്ന മാതൃകാ പുരോഹിതനായി അദ്ദേഹത്തെ കണ്ടില്ല. വൈദികവിശുദ്ധി ആവശ്യപ്പെടുന്ന വിവേചന ദൂരെയെറിഞ്ഞുള്ള പെരുമാറ്റംവഴി വേണ്ടാധീനങ്ങളില് ചെന്നു ചാടിയ ലോകവ്യഗ്രനായ പുരോഹിതനായിരുന്നു അദ്ദേഹമെന്നാണ് സാഹചര്യങ്ങളില്‍ നിന്ന് സാദ്ധ്യമായ അനുമാനം
കേസില്‍ പ്രതിയാക്കപ്പെട്ട ആള് ശിക്ഷാമുക്തനായതിനാല്, അരനൂറ്റാണ്ടോളം കാലം മുന്‍പ് കേരളത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ഈ കേസിന്റെ പിന്നിലുള്ള സത്യം എന്തെന്നതിനെക്കുറിച്ചുള്ള കൌതുകം ഇപ്പോഴും നിലനില്ക്കുന്നു. പ്രതിയായ പുരോഹിതനും മരിച്ച സ്ത്രീയും തമ്മില്‍ വളരെ അടുത്ത പരിചയും ഉണ്ടായിരുന്നുവെന്ന കാര്യം ആരും നിഷേധിക്കുന്നില്ല. എന്നാല്‍ ആ ബന്ധത്തിന്റെ സ്വഭാവത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ മാത്രമേയുള്ളൂ.
എന്നാല്‍ ഈ കേസിന്റെ നേര്‍സ്ഥിതി സംശയരഹിതമായി തെളിഞ്ഞിരിക്കുന്നതായി കേരളത്തിലെ കത്തോലിക്കാസഭ ഇന്നേക്ക് പത്തുവര്‍ഷം മുന്‍പ് അവകാശപ്പെട്ടു. മറിയക്കുട്ടിയുടെ മരണത്തെ സംബന്ധിച്ച സത്യം വെളിവായി എന്ന ഈ അവകാശവാദം ഉയര്‍ന്നത്, കേരളത്തിലെ രണ്ടു കത്തോലിക്കാ പുരോഹിതന്മാരും ഒരു കന്യാസ്ത്രിയും, അഭയ എന്ന യുവകന്യാസ്ത്രിയുടെ സംശയാസ്പദമായ മരണത്തില്‍ കുറ്റക്കാരാണെന്ന ആരോപണം മാധ്യമങ്ങളിലും ജനമനസ്സിലും നിറഞ്ഞു നിന്ന സമയത്താണ്. സഭ കുറ്റവാളികളായ അവരെ രക്ഷിക്കാന്‍ വഴിവിട്ടു ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം. ആ സമയത്ത്, ഈ പഴയ "മര്‍ഡര്‍ മിസ്റ്ററി"-യുടെ രണ്ടാമംഗം പ്രഹസനമായി അവതരിപ്പിക്കുന്നതിന് സഭ ആശ്രയിച്ച സ്ക്രിപ്റ്റ് ഏതാണ്ട് ഇങ്ങനെ പോയി:-
കുടുംബത്തില്‍ തുടരെ ഉണ്ടായിക്കൊണ്ടിരുന്ന അനിഷ്ടസംഭവങ്ങളെ തുടര്‍ന്ന് 93 വയസ്സുള്ള ഒരു വിധവ 2000-മാണ്ട് ജനുവരിയില്‍ കേരളത്തിലെ ഒരു കത്തോലിക്കാ കരിസ്മാറ്റിക് ധ്യാനകേന്ദ്രത്തില്‍ ആത്മീയ സാന്ത്വനത്തിനെത്തുന്നു. അവരുടെ മരിച്ചു പോയ ഭര്‍ത്താവ് ഡോക്ടറായിരുന്നു. ഒരു എസ്റ്റേറ്റ് ഉടമയുടെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്ന മറിയക്കുട്ടി, തന്റെ ഭര്‍ത്താവ് നടത്തിയ ഗര്ഭചിദ്രശസ്ത്രക്രിയ പാളിപ്പോയതിനെ തുടര്‍ന്നാണ് മരിച്ചതെന്ന് അവര്‍ വെളിപ്പെടുത്തി. കുത്തേറ്റു മരിച്ചതാണെന്ന് വരുത്തിതീര്‍ക്കാനായി കത്തികൊണ്ട് പലവട്ടം കുത്തിയ ശേഷം ജഡം പിന്നീട് വഴിയില്‍ ഉപേക്ഷിക്കുകയായാണുണ്ടായത്. ഈ വെളിപ്പെടുത്തല്‍ കേട്ട ധ്യാനഗുരുക്കന്മാര് ആ വൃദ്ധയോട്, അതിരമ്പുഴയില്‍ വിശ്രമജീവിതം നയിച്ചിരുന്ന ബെനഡിക്റ്റ് അച്ചനെ കണ്ടു മാപ്പ് പറഞ്ഞെങ്കിലേ കുടുംബത്തിനു പാപമുക്തിയും ശാപമുക്തിയും കിട്ടൂ എന്നുപദേശിച്ചു. അതനുസരിച്ച് 2000 ജനുവരി 14 -ന് വൃദ്ധയുടെ രണ്ടാണ്മക്കള് അച്ചനെ കണ്ട്, അമ്മയുടെ വെളിപ്പെടുത്തല്‍ ആവര്‍ത്തിച്ച് മാപ്പ് ചോദിച്ചു. മരിച്ചു പോയ ആള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന ഭാര്യയും മക്കളും നടത്തിയ ഈ കുമ്പസാരം പരസ്യമാക്കാതെ വയ്ക്കുകയാണ് ബെനഡിക്റ്റ് അച്ചന് ചെയ്തതത്രേ. പിന്നെയും 11 മാസം കഴിഞ്ഞ് 2000 ഡിസംബറില്‍ ഡോക്ടറുടെ ബന്ധുക്കള്‍ തന്നെ വിവരം പത്രങ്ങളെ അറിയിച്ചു പരസ്യമാക്കുന്നു. ദിവസങ്ങള്‍ക്കകം, 2001 ജനുവരി 3 -ന് ബെനടിക്ടച്ചന് മരിച്ചു.
അടുത്ത കുറെ വര്‍ഷങ്ങളില്‍, മറിയക്കുട്ടിയുടെ മരണത്തിനു പിന്നിലുള്ള യഥാര്‍ത്ഥ കുറ്റവാളികളെ തിരിച്ചറിഞ്ഞു എന്ന പല്ലവി സഭാമാധ്യമങ്ങള് ആവര്‍ത്തിച്ചു കൊണ്ടിരുന്നു. അതേസമയം, ബെനടിക്ടിന്റെ വിശുദ്ധപദവിക്ക് വഴിയൊരുക്കിയ കുറ്റസമ്മതത്തെപ്പറ്റി പ്രസക്തമായ ഈ ചോദ്യങ്ങള്‍ ആരും ഉന്നയിച്ചതുമില്ല.
@ എസ്റ്റേറ്റ് മുതാലാളിയും ഡോക്ടറും സൌകര്യകരമാം വിധം മരിച്ചതിനു ശേഷം, അവരില്‍ ഒരാളുടെ പേരില്‍ മറ്റാരൊക്കെയോ നടത്തിയ കുറ്റസമ്മതം എത്രമാത്രം വിശ്വസനീയമാണ്?
@ ഒരാളുടെ കുറ്റം അയാളുടെ മരണശേഷം മറ്റൊരാള്‍ ഏറ്റു പറഞ്ഞെന്നു ഘോഷിക്കുന്നതു തെറ്റല്ലേ?
@ ധ്യാനകേന്ദ്രങ്ങളില്‍ നടക്കുന്നത് മസ്തിഷ്കപ്രഷാളനവും മാസ്മരവിദ്യയും ആണെന്നാരോപിക്കുന്നവര് ശത്രുക്കാളാന്നു വയ്ക്കുക. എങ്കിലും അരോഗദൃഢഗാത്രരായ ചെറുപ്പക്കാരുടെ പോലും ബുദ്ധിയെ മഞ്ഞളിപ്പിക്കുന്ന അന്തരീക്ഷമാണ് ആ സ്ഥാപനങ്ങളില്‍ നിലവിലുള്ളതെന്ന് ആരും സമ്മതിക്കും. അത്തരമൊരു സ്ഥലത്ത്, 93 വയസ്സായ ഒരു വയോവൃദ്ധ മരിച്ചുപോയ ഭര്‍ത്താവിനു വേണ്ടി നടത്തുന്ന കുറ്റസമ്മതത്തിന്റെ വിലയെന്താണ്?
@ കത്തോലിക്കാ സഭയുടെ സല്പേരിനെ ബാധിച്ചിരുന്ന ഈ കേസില്‍, കത്തോലിക്കാ പുരോഹിതനെ കുറ്റ വിമുക്തമാക്കുന്ന തരം ഏറ്റുപറച്ചില്‍, ഒരു കത്തോലിക്കാ ധ്യാനകേന്ദ്രത്തിന്റെ പ്രേരണയില്‍ നടന്നു എന്നതില്‍ നിന്ന് എന്താണ് അനുമാനിക്കേണ്ടത്? അത്തരം ഏറ്റുപറച്ചിലിന്റെ credibility എത്രയുണ്ട്?
ഇതിനിടെ അഭയകേസില്‍ ആരോപണ വിധേയരായ പുരോഹിതരും കന്യാസ്ത്രികളും അറസ്റ്റു ചെയ്യപ്പെട്ടു. താമസിയാതെ, മറിയക്കുട്ടിയുടെ മരണത്തിന്റെ ശരിയായ ഉത്തരവാദികളെ തിരിച്ചറിഞ്ഞു എന്ന അവകാശവാദം സഭ ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോയതോടെ കഥയുടെ മൂന്നാമംഗമായ അസംബന്ധനാടകത്തിനും തുടക്കമായി. ഇത്തരമൊരു കേസില്‍, തന്നെയും സഭയും കുടുക്കി നാണക്കേട് വിളിച്ചുവരുത്തിയ പുരോഹിതന് വിശുദ്ധനായിരുന്നെന്നായി പുതിയ അവകാശവാദം. അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയില്‍ രോഗശാന്തികളും മറ്റത്ഭുതങ്ങളും നടക്കുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്താന്‍ ആളുണ്ടായി. അതോടെ, ബെനടിക്ടിന് "സഹനദാസന്‍" എന്ന നാമം ചാര്‍ത്തിക്കൊടുക്കുകയും അദ്ദേഹത്തിന്റെ പേര് വിളിച്ചു പ്രാര്‍ഥിക്കാന്‍ വിശ്വാസികളെ സഭ അനുവദിക്കുകയും ചെയ്തു. ബെനടിക്ടിനെ വിശുദ്ധനായി നാമകരണം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമിടാന്‍ സഭ തീരുമാനിച്ചു എന്ന അറിയിപ്പ് വന്നത് 2010 ആഗസ്റ്റ് മാസമാണ്.
കേരളത്തിലെ കത്തോലിക്കാ സഭയുടെയും അതിന്റെ സഹായാത്രികരുടെയും നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച വാര്‍ത്തകളില്‍ പഴയ കേസിനാധാരമായ സംഭവത്തെയും അതിലെ വിധികളെയും സൗകര്യം പോലെയും ഭക്തിയോടെയും പുനര്‍നിര്‍മ്മിക്കുന്നത് കാണാം. ബെനഡിക്ടും മറിയക്കുട്ടിയും തമ്മിലുണ്ടായിരുന്ന അടുപ്പത്തിന്റെ സ്വഭാവമൊക്കെ വളരെ എളുപ്പം വിശദീകരിക്കപ്പെട്ടു പോവുന്നു. മറിയക്കുട്ടിയുമായി അനാശാസ്യബന്ധം പുലര്‍ത്തിയിരുന്ന എസ്റ്റേറ്റ് മുതലാളി അവര്‍ക്ക് നല്‍കിയിരുന്ന സാമ്പത്തിക സഹായം ബെനഡിക്ട് വഴി ആണ് കൊടുത്തിരുന്നത് എന്നാണു "സണ്‍ഡേ ശാലോം" എന്ന കത്തോലിക്കാ വാരികയുടെ വിശദീകരണം. മറിയക്കുട്ടിയുമായി, അവരെ ഗര്‍ഭിണി ആക്കാന്‍ മാത്രം അടുപ്പമുണ്ടായിരുന്ന മുതലാളിക്ക്, അവര്‍ക്ക് നാല് കാശ് കൊടുക്കാന്‍ മാത്രം ഒരിടനിലക്കാരനെ, അതും ഒരു പുരോഹിതനെ തന്നെ, വേണ്ടി വന്നു! അപ്പീല്‍ കോടതി ബെനടിക്ടിനെ വെറുതെ വിട്ടത് മറിയക്കുട്ടിയുടെ രണ്ടു വയസ്സുകാരന് കുട്ടിയുടെ പിതാവ് ബെനഡിക്ട് അല്ലെന്നു ശാസ്ത്രീയമായ പരീക്ഷണങ്ങളില്‍ തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു എന്ന പച്ചക്കള്ളവും ഈ വാരിക എഴുതി. അങ്ങനെയൊരു വിഷയമേ അപ്പീല്‍ വിധിയില്‍ പറയുന്നില്ല എന്നത് പോകട്ടെ; 1960 -കളില്‍, പിതൃത്വം നിശ്ചയിക്കാനുള്ള അമ്മാതിരി പരീക്ഷണത്തിന് ഭൂമിയില്‍ ഒരിടത്തും സൌകര്യമുണ്ടായിരുന്നില്ല എന്നതും വാരിക മറന്നു.
കേസുമായി ബന്ധപ്പെട്ട് ക്രിസ്ത്യാനികള്‍ക്ക് സഹിക്കേണ്ടി വന്ന കഷ്ടപ്പാടുകളുടെയും ധര്‍മ്മസങ്കടങ്ങളുടേയും വിവരണം കൊഴുപ്പിക്കാനുള്ള ശ്രമവും സഭയുടെ സ്വാധീനത്തിലുള്ള ചില പത്രസ്ഥാപനങ്ങള്‍ നടത്തി. ഈ കേസിന്റെ അപ്പീല്‍ കേള്‍ക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ട കത്തോലിക്കാ സമുദായത്തില്‍ പെട്ട ഒരു ഹൈക്കോടതി ജഡ്ജി, തന്റെ നിഷ്പക്ഷതയെക്കുറിച്ച് സംശയം ഉണര്‍ത്താതെ അപ്പീല്‍ കേള്‍ക്കാന്‍ നിവൃത്തിയില്ലെന്നു തിരിച്ചറിഞ്ഞ് സ്ഥാനത്യാഗം ചെയ്തു എന്നുവരെ "ദ ഹെറാള്‍ഡ് ഓഫ് ഇന്ത്യ" എന്ന ക്രിസ്തീയ ജേര്‍ണ്ണലില്‍ അതിന്റെ എഡിറ്റര്‍ എഴുതി. അദ്ദേഹം സൂചിപ്പിച്ച ജഡ്ജി ഇന്ത്യയിലെ ആദ്യത്തെ വനിതാ ഹൈക്കോടതി ജഡ്ജി ആയ അന്ന ചാണ്ടി ആണെന്നു മനസ്സിലായ ഞാന്‍, ആ രാജി അവകാശവാദത്തെ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തുകൊണ്ട് എഴുതിയ കത്ത് പ്രസിദ്ധീകരിച്ച ഹെറാള്‍ഡ്, എന്റെ തിരുത്തലിനെ തട്ടാമുട്ടി കൊണ്ടു നേരിട്ടു. അതിനെ ഞാന്‍ ആവര്‍ത്തിച്ചു ചോദ്യം ചെയ്തപ്പോള്‍ എന്റെ കത്തുകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തി. തുടര്‍ന്ന് പത്രാധിപര്‍ ഫിലിപ്പിനെഴുതിയ വ്യക്തിപരമായ കത്തില്‍ ഞാന്‍ എന്റെ നിലപാട് ആവർത്തിച്ചപ്പോള്‍, അദ്ദേഹം എങ്ങും തൊടാതെ സൗമ്യമധുരമായി മറുപടി എഴുതി.
ഏതായാലും "ബെനഡിക്ടിന്റെ പുതുക്കിപ്പണിയപ്പെട്ട കുഴിമാടത്തിലേക്ക് വിദേശങ്ങളില്‍ നിന്നുപോലും ഭക്തജനങ്ങളുടെ പ്രവാഹം" എന്നാണ് ഇപ്പോള്‍ വാര്‍ത്ത!
Subscribe to:
Post Comments (Atom)
About Me
- Georgekutty
- Writing about self is difficult. Hope, my blog will say anything that I may have to say about myself.
4 comments:
Isn’t it much easier in this information age to stay within the legal framework of the catholic church and work towards campaigning among fellow laities for reforms from within without leaving the catholic church but by staying there itself, with a goal of improving it.
What is the track record from history on the laities attempt to improve the church against the wish of its hierarchy? What was the success rate.
I see initiatives in kerala like http://www.hindu.com/2010/08/10/stories/2010081059010300.htm and http://jagrathablog.blogspot.com/2010/08/blog-post_176.html where the laities come together and call for change.
With availability of social networking tools a laity is equally equipped as the ordained in reaching the church people directly. What is the history of positive response from church authorities on such calls from the laities ?
സഭയുടെ മീതെ വീണ കറ മായ്ക്കാന്‍ മനസ്സാക്ഷിക്ക് നിരക്കാത്ത പലതും നടക്കുന്നുണ്ടെന്ന് ഈ കൊലക്കേസ്സുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കുറ്റമേറ്റു മാപ്പു പറഞ്ഞവരെ ഏതോ കാരണത്താൽ ഒരു വൈദികനെ നിങ്ങളുടെ പിതാവ് ദ്രോഹിച്ചതിന് മാപ്പ് പറയണം എന്ന് തെറ്റിദ്ധരിപ്പിച്ചാണ് മുടിയൂർക്കര(അതിരമ്പുഴയല്ല) വൈദികകേന്ദ്രത്തിൽ വിശ്രമിച്ചിരുന്നബനഡിക്ടിനടുത്ത് 2000ജനുവരി 14ന് എത്തിച്ചത്. അവിടെ എത്തിയപ്പോഴാണ് മറിയക്കുട്ടിയെ കൊന്നതിനാണ് മാപ്പു പറയുന്നതെന്ന് ഇവരോട് പറഞ്ഞത്.അവർ വിസമ്മതിച്ച് തിരികെപ്പോരുകയും ചെയ്തു. ചങ്ങനാശേരി ആർച്ച് ബിഷപ്പ് പൗവത്തിൽ തടഞ്ഞതിനാൽ അന്നത് പുറത്തുവന്നില്ല. പിന്നീട് അത് വാർത്തയായത് 2000 നവംബർ 24നും.
Post a Comment